എൻട്രൻസില്ലാതെ എൻജി. പ്രവേശനത്തിന് യോഗ്യതാ മാർക്കും കുറയ്ക്കും
തിരുവനന്തപുരം: എൻട്രൻസ് എഴുതാത്തവർക്കും സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നൽകുന്നതിന് യോഗ്യതയിലും ഇളവു നൽകേണ്ടിവരും. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റുകൾക്ക് ശേഷം കാലിയായി കിടക്കുന്ന സീറ്റുകളിൽ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) മാനദണ്ഡപ്രകാരം കോളേജുകൾക്ക് പ്രവേശനം നടത്താമെന്നാണ് സർക്കാർ ഉത്തരവ്.
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ്ടുവിന് 45ശതമാനം മാർക്കോടെ വിജയമാണ് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള എ.ഐ.സി.ടി.ഇ മാനദണ്ഡം. സാങ്കേതിക സർവകലാശാലയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45%വീതം മാർക്കും മൂന്നുംകൂടി ചേർന്ന് 50% മാർക്കും വേണം. സംസ്ഥാന സർക്കാരാണ് ഈ ഉയർന്ന യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. ഒഴിവുള്ള സ്വാശ്രയ സീറ്റുകളിൽ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം പ്രവേശനം നടത്തണമെങ്കിൽ സാങ്കേതിക സർവകലാശാലയിലെ യോഗ്യത കുറയ്ക്കേണ്ടിവരും. അതേസമയം, മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ നിലവിലെ യോഗ്യതാ മാനദണ്ഡപ്രകാരം പ്രവേശനത്തിന് പ്രോസ്പെക്ടസിറക്കുകയും നടപടികൾ തുടങ്ങുകയും ചെയ്തതിനാൽ അതിൽ മാറ്റം വരുത്താനാവില്ല. അലോട്ട്മെന്റുകൾക്ക് ശേഷം കാലിയാവുന്ന സീറ്റുകളിൽ മാത്രമായി യോഗ്യത കുറയ്ക്കാനാണിട. ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടി.
എ.ൻട്രൻസ് എഴുതാത്തവർക്കും സ്വാശ്രയ സീറ്റുകളിൽ പ്രവേശനത്തിനുള്ള ഉത്തരവ് സർക്കാർ സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്. അക്കാഡമിക് കൗൺസിൽ പരിശോധിച്ച് യോഗ്യത ഇളവുചെയ്യാനുള്ള ശുപാർശ സർക്കാരിന് നൽകണം. ഇത് അംഗീകരിച്ച് പുതിയ ഉത്തരവിറക്കിയാലേ കാലിയാവുന്ന സീറ്റുകളിൽ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം പ്രവേശനം നടത്താനാവൂ. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രസ്ഥാപനങ്ങളിലും കൽപ്പിത വാഴ്സിറ്റികളിലുമെല്ലാം പ്രവേശനത്തിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്നും സിൻഡിക്കേറ്റ് യോഗം ചേർന്ന് ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും സാങ്കേതിക സർവകലാശാലാ അധികൃതർ അറിയിച്ചു. യോഗ്യതയും സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സാങ്കേതിക പരിശോധിച്ച് ഉറപ്പിക്കേണ്ടത് സാങ്കേതിക സർവകലാശാലയാണ്.