സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നാളെ രാജിവയ്ക്കണമെന്ന് ഗവര്‍ണറുടെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015 ലെ എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തി. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.