കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം, മന്ത്രവാദിനിയും ഭര്‍ത്താവും കസ്റ്റഡിയില്‍, പ്രതിഷേധക്കാര്‍ മഠം അടിച്ചു തകര്‍ത്തു
പത്തനംതിട്ട: മലയാലപ്പുഴയില്‍ കുട്ടികളെ വച്ച് മന്ത്രവാദചികിത്സ നടത്തിയ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മന്ത്രവാദചികിത്സ നടത്തിയിരുന്ന വാസന്തിമഠം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.
മന്ത്രവാദ ചികിത്സയ്ക്കിടെ കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിഷേധവുമായി വിവിധ യുവജനസംഘടനകള്‍ രംഗത്തുവന്നത്.
മന്ത്രവാദം നടത്തിയ ദേവകിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് വാസന്തി അമ്മ മഠം എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ രോഗശാന്തി, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍, സാമ്പത്തികമായ ഉന്നതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി ദിനം പ്രതി നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്.
കഴിഞ്ഞ ദിവസം മന്ത്രവാദ ചികിത്സയ്ക്കിടെ ഒരു കുട്ടി കുഴഞ്ഞുവീണിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചില യുവജന സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഇന്ന് രാവിലെ നൂറ് കണക്കിനാളുകളാണ് മഠത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇതേതുടര്‍ന്ന് മന്ത്രവാദചികിത്സ നടത്തിയ ദേവകിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മന്ത്രവാദ ചികിത്സയെ എതിര്‍ക്കുന്ന ആളുകളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവരുടെ വീടിനുമുന്പില് പൂവ് ഇടുകയും നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.
വിഷയത്തില്‍ ബാലാവകാശ കമ്മീഷന് ഇടപെട്ടു. സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ വിഷയത്തെ കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.