കാലവർഷക്കെടുതിയിൽ ജൂലൈ പകുതിയാകും മുൻപേ 30 മരണം
തിരുവനന്തപുരം : ജൂലൈ പകുതിയാകും മുൻപു തന്നെ സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 30 ആയി എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഏതാനും ദിവസത്തിനു ശേഷം മഴ വീണ്ടും ശക്തമായേക്കുമെന്ന പ്രവചനമാണ് ആശങ്കയ്ക്കു കാരണം. മഴ താരതമ്യേന കുറവായിരുന്ന കഴിഞ്ഞ കൊല്ലത്തെ കാലവർഷക്കാലത്ത് ആകെ 32 പേരാണു മരിച്ചത്. ഈ വർഷം ജൂൺ ഒന്നു മുതൽ ജൂലൈ 11 വരെ റവന്യു വകുപ്പ് ശേഖരിച്ച കണക്കുകൾ പ്രകാരം 9 ജില്ലകളിലായാണ് 30 മരണം. 16 പേർക്കു പരുക്കേറ്റു. 2 പേരെ കാണാതായി. തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു നാലുപേർ മരിച്ചത് ഉൾപ്പെടെയാണ് ഈ കണക്കുകൾ. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ മരണം റിപ്പോർട്ടു ചെയ്തിട്ടില്ല.
47 വർഷത്തിനിടെ മഴ ഏറ്റവും കുറഞ്ഞ ജൂൺ മാസങ്ങളിൽ ഒന്നാണു കടന്നുപോയത്. കാലവർഷം എട്ടു ദിവസത്തിലേറെ വൈകി എത്തിയ ഈ വർഷം ജൂണിൽ 26.66 സെന്റിമീറ്റർ മഴയാണു പെയ്തത്. മുൻകാല ശരാശരി പ്രകാരം 67.23 സെന്റിമീറ്റർ മഴ ജൂണിൽ പ്രതീക്ഷിച്ചെങ്കിലും ഏകദേശം 60% കുറവുണ്ടായി. ജൂലൈ ആയപ്പോഴേക്കും മഴ ശക്തമാവുകയും 10 ദിവസം കൊണ്ട് 34.59 സെന്റിമീറ്റർ ലഭിക്കുകയും ചെയ്തു. ജൂൺ മാസത്തിലാകെ പെയ്തതിലേറെ മഴ ജൂലൈയിൽ ഒരാഴ്ച കൊണ്ടു കിട്ടി.
ജൂണിൽ തുടങ്ങി ജൂലൈ 11 വരെ ഉള്ള കാലയളവിലെ കാലവർഷത്തിന്റെ കണക്കെടുത്താൽ 61.51സെന്റിമീറ്റർ മഴയാണു സംസ്ഥാനത്തു ലഭിച്ചത്. 31% കുറവ്. ആലപ്പുഴ, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സാധാരണ പോലെ മഴ ലഭിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലും കാര്യമായ കുറവില്ല.