സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച
തിരുവനന്തപുരം : 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11നു സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുക.
ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 2021ല്‍ 142ഉം കോവിഡ് ബാധിച്ച 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയ ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കം, പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ടെന്നാണു സൂചന.
സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.