എല്‍ദോസ് കുന്നപ്പിളളിലിനെതിരേ കെ.കെ. രമ രംഗത്ത്; എംഎല്‍എ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണം
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിളളിലിനെതിരേ കെ.കെ. രമ രംഗത്തെത്തി. എല്‍ദോസ് കുന്നപ്പിളളി എം എല്‍ എ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നു കൊണ്ട് അന്വേഷണത്തെ നേരിടുന്നത് ധാര്‍മികതയല്ല. എത്രയും വേഗം നിയമത്തിന് മുന്നില്‍ കീഴടങ്ങണം. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് പ്രായോഗികവും നീതിപൂര്‍വ്വവും ആകേണ്ടതുണ്ടെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്…
പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങള്‍ നിര്‍വ്വഹിക്കുന്ന ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാര്‍മ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമുണ്ട്. സ്ത്രീ പീഡനമടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ സമീപകാല കേരളത്തിലുണ്ട്. എതിരാളികളില്‍പെട്ടവര്‍ കേസില്‍ പെടുമ്പോള്‍ ആഘോഷിക്കുകയും തങ്ങളില്‍ പെട്ടവര്‍ക്ക് നേരെയാവുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാര്‍മ്മികതയും നൈതികതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്.