പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്, ആറ് ആഴ്ചക്കുള്ളിൽ മറുപടി നൽകണം
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം.
പ്ലസ്ടു കോഴക്കേസില്‍ മുൻ എംഎൽഎ കെ. എം. ഷാജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസിലെ എതിര് കക്ഷികള്‍ക്കാണ് കോടതിയുടെ നോട്ടീസ്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസിൽ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന് നീരജ് കിഷന് കൗളും സ്റ്റാന്‍ഡിങ് കൌണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി.
2016ല്‍ എംഎല്‍എയായിരിക്കെ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ഒരു മുസ്ലിം ലീഗ് മുന്‍ നേതാവാണ് ആദ്യം കോഴ ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. കൂടാതെ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും ഇഡി കണ്ടെത്തി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നാണ് ഇതിനു സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്കൂള്‍ മാനേജര്‍, മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.