നിപ ഭീതിയൊഴിയുന്നു; വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, പുതിയ കേസുകളില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. പുതിയ പോസിറ്റീവ് കേസുകളില്ലെന്നും ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. മന്ത്രിതല നിപ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 94 സാമ്പിളുകൾ കൂടി നെഗറ്റീവാണ്.
ഹൈറിസ്കിലുള്ള 11 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. പരിശോധനഫലം നെഗറ്റീവ് ആണ്. ചികിത്സയിൽ കഴിയുന്ന നിപ രോഗികളുടെ ആരോഗ്യ നില മെച്ചപ്പെട്ടു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇൻഡക്സ് കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറയുന്നു. മരിച്ച മരുതോങ്കര സ്വദേശിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് അദ്ദേഹത്തിന് രോഗം പിടിപെട്ടത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.