കേരളത്തിൽ കണ്ടെത്തിയത് ബംഗ്ലാദേശ് വകഭേദം; മരുന്ന് വിമാനമാർഗം എത്തിക്കുമെന്നും മന്ത്രി
കോഴിക്കോട് : പൂനെ വൈോറളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ഇന്ന് വൈകീട്ടോടെ കോഴിക്കോട് എത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് . നിപ പരിശോധിക്കുന്നതിനായി സംഘം പ്രത്യേക മൊബൈൽ ലാബ് സ്ഥാപിക്കും. കൂടാതെ വവ്വാൽ സർവ്വേ നടത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബംഗ്ലാദേശ് വകഭേദമാണ് കേരളത്തിൽ കണ്ടുവരുന്നത്. രോഗത്തിന്റെ പകർച്ച നിരക്ക് വളരെ കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണ്. പൂനെയിലെ എൻഐവിയിൽ നിന്നുള്ള സംഘത്തിന് പുറമെ ചെന്നൈയിൽ നിന്ന് ഒരു സംഘം എപ്പിഡെമിയോളജിസ്റ്റുകളും കേരളത്തിൽ എത്തും. ഇവർ വവ്വാൽ സർവ്വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിപയെ തടയാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടു.മരുന്ന് വിമാനമാർഗ്ഗം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 7 പേരാണ് ചികിത്സയിലുള്ളത്. മരിച്ച രണ്ട് പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരുണ്ട്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 127 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ബാക്കി 31 പേര് വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.
കോഴിക്കോട് കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കും. നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ കണ്ടെത്താന്‍ ഇവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും. നിപ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.
അതേസമയം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ
ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ടയിൻമെൻ്റ് സോണായ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തുന്നുണ്ടെന്ന് പോലീസും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ ഈ പ്രദേശങ്ങളിൽ അനുവദനീയമായിട്ടുള്ളു. ഇവയുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമായി പരിമിതപ്പെടുത്തി. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.