കേരളത്തിൽ നിന്ന് എത്തുന്നവരുടെ താപനില പരിശോധിക്കും; ജാഗ്രത ശക്തമാക്കി കർണാടകയും തമിഴ്നാടും
ബംഗളൂരു : കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി കർണാടക. അതിർത്തി ജില്ലകൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കുലറും കർണാടക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ നിപ ബാധിത മേഖലകളിലേക്ക് അനാവശ്യമായി യാത്ര ചെയ്യരുതെന്ന് കർണാടക നിർദേശിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകളിൽ പ്രത്യേക പരിശോധന സംവിധാനം ഒരുക്കുമെന്നും അതിർത്തി കടന്നെത്തുന്നവരുടെ താപനില പരിശോധിക്കുമെന്നും കർണാടക അറിയിച്ചിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗർ, മൈസൂർ, കുടക്, ദക്ഷിണ കന്നഡ ജില്ലകൾക്കാണ് പ്രധാനമായും ജാഗ്രത നിർദേശം നൽകിയത്.കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് കേരള അതിർത്തിയിൽ രോഗപ്രതിരോധ നടപടി ഏർപ്പെടുത്തിയിരുന്നു. നാടുകാണിയിലെ ടോൾ ചെക്ക് പോസ്റ്റിന് സമീപമാണ് തമിഴ്നാട് ആരോഗ്യവകുപ്പ് 24 മണിക്കൂർ പരിശോധന തുടങ്ങിയത്. നാടുകാണി ചുരം കയറിയെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് പനിയുള്ളവരെ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകിയശേഷമാണ് കടത്തിവിടുന്നത്. കലശലായ പനിയുള്ളവരെ മടക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.