കെ ഫോണ്‍ അഴിമതി. വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പി ജിജിക്കാണ് അന്വേഷണ ചുമതല.
കേരള : കെ ഫോണ്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊതുപ്രവര്ത്തകന് പായ്ചിറ നവാസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പി ജിജിക്കാണ് അന്വേഷണ ചുമതല.പരാതിക്കാരനോ ട് മൊഴി നല്കാന് പൂജപ്പുര ഓഫീസില്‍ ഏഴിന് രാവിലെ 11ന് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ ഫോണ്‍ പദ്ധതിയില്‍ ഇന്ത്യന്‍ നിര്‍മിത ഉല്പന്നം വേണമെന്ന ടെന്‍ഡറിലെ വ്യവസ്ഥ ലംഘിച്ചുവെന്നും ഉപയോഗിച്ചത് ചൈനീസ് കേബിള്‍ ആണെന്നുമാണ് ആരോപണം. പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) എല്‍എസ് കേബിളിന് വേണ്ടി നിര്‍ബന്ധം പിടിച്ചുവെന്നും നാനൂറ് കോടിയലധികം രൂപയുടെ നഷ്ടമാണുണ്ടായതെന്നുമാണ് പരാതി. കെ ഫോണ്‍ പദ്ധതിയെക്കുറിച്ച് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിലും ഇത് കണ്ടെത്തിയിരുന്നു.