കാട്ടാക്കടയിലെ മര്‍ദനം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സിഐടിയു ഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍ കുമാര്‍, ഐഎന്‍ടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്റ് സി.പിയുമായ മിലന് ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ അന്വേഷണവിധേയരായി സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രം. പെണ്‍കുട്ടിയെ തള്ളി മാറ്റിയതിനും കേസെടുത്തിട്ടില്ല. ദൃക്സാക്ഷിയായ കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. മകളുടെ കണ്സഷന് കാര്‍ഡ് പുതുക്കാനെത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വച്ച് അച്ഛന് പ്രേമനെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
മകള്‍ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്സഷന് കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമന്. പുതിയ കണ്സഷന് കാര്‍ഡ് നല്കാന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമന് മറുപടി നല്കി. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമന് പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്. അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോള്‍ രേഷ്മയെ തള്ളിമാറ്റി.
ഓട്ടോറിക്ഷയില്‍ അച്ഛനെ ആശുപത്രിയിലാക്കിയതിന് പിന്നാലെ രണ്ടാംവര്‍ഷ ബിഎ പരീക്ഷയെഴുതിയ ശേഷമാണ് ആശുപത്രിക്കിടക്കയിലെത്തി രേഷ്മ അച്ഛനെ കണ്ടത്. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നല്‍കിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.