കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി
എറണാകുളം : കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി . ഇതിന് വേണ്ട സഹായം സർക്കാർ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. സർക്കാർ സഹായം കെ എസ് ആർ ടി സിക്ക് നിഷേധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. അതേസമയം കെ എസ് ആർ ടി സിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ശമ്പളം വൈകുന്നതിനെതിരെ കെ എസ് ആർ ടി സി ജീവനക്കാർ സമർപ്പിച്ച ഹർഡി ഹൈക്കോടതി തീർപ്പാക്കുകയും ചെയ്തു. ജൂലൈ മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്തതായി കെ എസ് ആർ ടി സി അധികൃതർ ഹർജി പരിഗണിക്കെ കോടതിയില്‍ വ്യക്തമാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയായിരുന്നു ജുലൈ മാസത്തിലെ ശമ്പളം കെ എസ് ആർ ടി സി ജീവനക്കാർക്ക് ലഭിച്ചത്.
ജൂലൈ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടുകൂടി ജീവനക്കാർക്ക് ലഭിച്ചു. അതേസമയം ഓണം പ്രമാണിച്ച് പ്രഖ്യാപിച്ച അഡ്വാൻസും അലവൻസും ഇന്നുമുതലാകും പൂർണ്ണമായി ലഭിക്കുക. 7500 രൂപ അഡ്വാൻസും 2750 രൂപ അലവൻസുമാണ് നല്‍കുന്നത്. ശമ്പള വിതരണത്തിനായി 70 കോടി രൂപ സർക്കാർ കെ എസ് ആർ ടി സിക്ക് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സർവീസിനായി കെ എസ് ആർ ടി സി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. ആദ്യഘട്ടമായി 60 ഇ-ബസുകളാണ് ആഗസ്റ്റ് 26 നു വൈകീട്ട് 3.30നു ചാല ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുക.
തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 104 കോടി രൂപ ചെലവിൽ 113 ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ എസ് ആർ ടി സി ഇ-ബസുകളുടെ എണ്ണം 163 ആകും. ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു നഗരത്തിൽ മുഴുവൻ ഇ-ബസുകൾ മാത്രമാക്കി തലസ്ഥാനനഗരിയിലെ മലിനീകരണം തീരെക്കുറച്ച് ഹരിത നഗരമാക്കി ആധുനികവൽക്കുന്നതിന്റെ ഭാഗമായാണ് ഹരിത വാഹനങ്ങളുടെ വരവെന്ന് മന്ത്രി രാജേഷ് പറഞ്ഞു.