കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ടിഡിഎഫ് പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് യൂണിയന് നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കില്‍.
അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് അറിയിച്ചു. അതേസമയം പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരേയാണ് പ്രധാനമായും പണിമുടക്ക്. ശമ്പള പരിഷ്കരണ കരാര്‍ പൂര്‍ണമായും നടപ്പിലാക്കുക, മെക്കാനിക്കല്‍ ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക, യൂണിയന് പ്രൊട്ടക്ഷന്‍ പുനസ്ഥാപിക്കുക, പുതിയ ബസുകള്‍ ഇറക്കി യാത്രാക്ലേശം പരിഹരിക്കുക, കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന സ്വിഫ്റ്റ് കമ്പനി ഉപേക്ഷിക്കുക, തടഞ്ഞുവച്ച ഓണാനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, മിനിസ്റ്റീരിയല്‍ ഡ്യൂട്ടി സമയം പുനസ്ഥാപിക്കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ശനിയാഴ്ച മുതലാണ് സിംഗിള്‍ ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമായിരിക്കും മാറ്റം.