കുപ്പം പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി തള്ളിയ മണ്ണ് നീക്കം ചെയ്തു
ദേശീയപാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി കുപ്പം പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി തള്ളിയ മണ്ണ് നീക്കം ചെയ്തു.
തളിപ്പറമ്പ : മഴയെത്തുന്നതിന് മുമ്പ് മണ്ണ് നീക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ ആവശ്യം അവഗണിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായിരുന്നു.
പഴയ കുപ്പം പാലത്തിനോട് ചേർന്ന് തന്നെയാണ് ദേശീയപാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി പുതിയ പാലം നിർമ്മിക്കുന്നത്. പൈലിങ് നടത്തുന്നതിനും തൂണുകൾ കോൺക്രീറ്റ് ചെയ്യുന്നതിനും വേണ്ടി ഒഴുക്ക് തടസപ്പെടുത്തി പുഴയിൽ ലോഡുകണക്കിന് മണ്ണാണ് തള്ളിയത്. കനത്ത മഴ പെയ്താൽ വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലമായതിനാൽ നാട്ടുകാരും കച്ചവടക്കാരും മഴ തുടങ്ങുന്നതിന് മുമ്പായി പുഴയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ അവഗണിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വലിയ രീതിയിൽ വലിയ രീതിയിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. വെള്ളം ഇറങ്ങിയതോടെയാണ് അധികാരികൾ മണ്ണ് നീക്കം ചെയ്യാൻ തയ്യാറായത്. നേരത്തേ തന്നെ മണ്ണ് നീക്കിയിരുന്നെങ്കിൽ വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഇത്രയേറെ നഷ്ടം സഹിക്കേണ്ടി വരില്ലായിരുന്നുവെന്ന് വ്യാപാരി നേതാവ് വി.താജുദ്ദീൻ പറഞ്ഞു.