തളിപ്പറമ്പ് കുപ്പത്ത് കുന്നിടിഞ്ഞ് 3 വീടുകൾ തകർച്ചാ ഭീഷണിയിൽ
ഒരു വീടിൻ്റെ തറ ഭാഗത്തെ മണ്ണിടിഞ്ഞ് മറ്റൊരു വീടിൻ്റെ ചുവരിലേക്ക് പതിച്ചിരിക്കുകയാണ്. 2 വീടുകളിലുമുള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റി.
തളിപ്പറമ്പ : ബുധനാഴ്ച ചെയ്ത കനത്ത മഴയിൽ കുന്നിടിയലിനെ തുടർന്ന് കുപ്പം മരത്തക്കാട്ടെ പി.എം സൈനുദ്ദീൻ, പി.എം സൗദ, പി.എം ബൽക്കീസ് എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായത്. ബുധനാഴ്ച്ച പുലർച്ചെ 5 മണിയോടെ രണ്ട് തവണകളിലായാണ് മണ്ണിടിഞ്ഞത്. പി.എം സൗദയുടെ വീടിൻ്റെ തറയുടെ ഒരു ഭാഗം ഇടിഞ്ഞ് പി.എം സൈനുദ്ദീൻ്റെ വീടിൻ്റെ അടുക്കളയുടെ ചുവരിലേക്ക് പതിക്കുകയായിരുന്നു. അടുക്കളയിലേക്ക് മണ്ണ് നിറഞ്ഞ നിലയിലാണ് ഉള്ളത്. സമീപത്തെ പി.എം ബൽക്കീസിൻ്റെ വീടിനും അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. സൗദയുടെ വീടിൻ്റെ ഇടിഞ്ഞ ഭാഗത്ത് മഴവെള്ളമെത്തി കൂടുതൽ തകരാതിരിക്കാൻ വലിയ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് തഹസീൽദാർ സജീവൻ, വില്ലേജ് ഓഫിസർ അബ്ദുൽ റഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് നിസാർ വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും വീടുകളിൽ നിന്ന് മാറി നിൽക്കാൻ നിർദേശം നൽകുകയും ചെയ്തു.