സര്‍ക്കാരിന് ഇന്ന് നിര്‍ണായകം; ലാവ്ലിന്, സ്വര്‍ണക്കടത്ത് കേസുകള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മുപ്പത്തിലേറെ തവണ മാറ്റിവച്ചതിനുശേഷം ലാവലിന്‍ കേസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ലാവലിനില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് പരിഗണനയില്‍ ഉള്ളത്. സെപ്റ്റംബര്‍ പതിമൂന്നിന് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയത്.എന്നാല്‍ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാല്‍ ഹര്‍ജികള്‍ പരിഗണിച്ചിരുന്നില്ല. നിരവധി തവണ മാറ്റിവെച്ച സാഹചര്യത്തില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കാനാണ് സാധ്യത.
സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജിയും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹര്‍ജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലും കോടതിയുടെ തീരുമാനം കേരളത്തില്‍ സൃഷ്ടിക്കുന്നത് വലിയ ചലനങ്ങളാകും. സ്വര്‍ണ്ണക്കടത്തില്‍ നേരത്ത ഇഡിയുടെ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരും ശിവശങ്കറും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിചാരണ അട്ടിമറിയ്ക്കുമെന്നത് ഇഡിയുടെ സാങ്കല്പിക ആശങ്കയാണെന്നായിരുന്നു കേരളം വ്യക്തമാക്കിയത്. എന്നാല്‍ ഇഡി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയചട്ടുകമായെന്നായിരുന്നു ശിവശങ്കറിന്റെ വാദം.