പോപ്പുലര്‍ഫ്രണ്ടിന്റേത് ആര്.എസ്.എസിന്റെ വാദഗതികളെ സാധൂകരിക്കുന്ന പ്രവര്‍ത്തന ശൈലി: എം. സ്വരാജ്
തളിപ്പറമ്പ്: മുസ്ലീങ്ങള്‍ ഭീകരവാദികളാണെന്ന ആര്.എസ്.എസിന്റെ വാദഗതികളെ സാധൂകരിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെതെന്ന് എം. സ്വരാജ്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തളിപ്പറമ്പ് ഏഴാംമൈലില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ എസ്.ഡി.പി.ഐയെ നിരോധിച്ചില്ല. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്.ഡി.പി.ഐയായി മാറി. ഇനി എസ്.ഡി.പി.ഐയെ നിരോധിച്ചാല്‍ വേറെ പേരില്‍ വരും. ഹൈന്ദവ വര്‍ഗീയതയെ തടയാന്‍ എല്ലാ മുസ്ലിംങ്ങളും ഒരുമിക്കണമെന്നാണ് അവര്‍ പറയുന്നത്. ഇതിലൂടെ ആര്.എസ്.എസിന് ഏറ്റവും സഹായകരമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്ന് എം.സ്വരാജ് പറഞ്ഞു. ലോകത്തെ എല്ലാ മതങ്ങളും ഔപചാരികമായി സമാധാനത്തെക്കുറിച്ചാണ് പറയുന്നത്. ഇസ് ലാം എന്നതു തന്നെ സമാധാനം എന്നാണ്. നമ്മള് ഇസ് ലാം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എവിടെയെങ്കിലും ബോംബ് പൊട്ടിക്കും. അപ്പോള്‍ ആര്.എസ്.എസ് പറയും ഞങ്ങള്‍ പറയുന്ന അപകടം ഇതാണെന്ന്. ഈ അപകടമില്ലാതാക്കാനെന്ന പേരില്‍ മത നിരപേഷരായ ഹിന്ദുക്കളെ ക്ഷണിക്കുകയാണ് ആര്.എസ്.എസ്. രണ്ടുപേരും പരസ്പരം കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരസ്പരം വളരാനുള്ള മരുന്നാക്കി മാറ്റുകയാണെന്നും ഇന്ത്യയിലെ മത നിരപേക്ഷ ചിന്താഗതിയുളളവരുടെ ഇടയില്‍ ഒരു ഐക്യം രൂപപെട്ടാല് ആ നിമിഷം ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീഴുന്നതേയുള്ളു വര്‍ഗീയ ഭൂരിക്ഷം എന്നും നാം തിരിച്ചറിയണം. അത് ആരുടെ നേതൃത്വത്തിലാണ് എന്നുള്ളത് ഇപ്പോള്‍ പ്രവചിക്കാന്‍ ആവില്ല. തമിഴ്നാട്ടില്‍ നിന്ന് ഒരു എം.പി യെ പോലും ബി.ജെ.പി ക്ക് 2024 ല്‍ കിട്ടില്ല. കേരളം, ആന്ദ്ര , ബീഹാര്‍, തെലുങ്കാന, ഹിമാചല്‍ പ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെപി പച്ചപിടിക്കില്ല. ബാക്കിയുളള സംസ്ഥാനത്തും സാധാരണകാരായ മനുഷ്യരും മതനിരപേക്ഷതയുടെയും ജനാതിപത്യത്തിന്റെയും കൊടി ഉയര്‍ത്തി പിടിക്കും. അടിന്തരാവസ്ഥക്കാലത്ത് രക്ഷിച്ചത് പോലെ അവര്‍ ഇന്ത്യയെ രക്ഷിക്കുമെന്നും എം.സ്വരാജ് പറഞ്ഞു.
വര്‍ഗീയതയുടെ അധികാര വാഴ്ച എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റിയംഗം ഒ. സുഭാഗ്യം അധ്യക്ഷയായി. കെ.സന്തോഷ്, കെ.പി.വി പ്രീത, ടി. ബാലകൃഷ്ണന്, ദീഷ്ണ പ്രസാദ്, ഏരിയ സെക്രട്ടറി ടി. ലത എന്നിവര്‍ സംസാരിച്ചു.