ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് ജനാധിപത്യം അടിച്ചമര്‍ത്തുന്നു: മറിയം ധാവ്ളെ
തളിപ്പറമ്പ്: ഭരണഘടനയനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് ജനാധിപത്യം അടിച്ചമര്‍ത്തുന്ന കാഴ്ച്ചയാണ് കേരളത്തിലുള്‍പ്പെടെ കാണുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യം വളരെ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണ്. ജനാധിപത്യവും മതേതരത്വവും നീതിയും ദേശീയതയും ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ജനാധിപത്യം തച്ചു തകര്‍ക്കാന്‍ ഇ.ഡിയെയും സി.ബി.ഐയെയും ഗവര്‍ണറെയും ഉപയോഗപ്പെടുത്തുകയാണ്. ഭരണഘടനയനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ്. ഇതിനായി ബി.ജെ.പി, ആര്.എസ്.എസ് അനുഭാവികളെയാണ് ഗവര്‍ണര്‍മാരായി നിയമിക്കുന്നത്. നമ്മുടെ രാജ്യത്ത് ഒരു കൂട്ടര് ഭാരത് ജോഡോ യാത്ര നടക്കുകയാണ്. എന്നാല്‍ ഇവര്‍ കേരളത്തില്‍ ഉള്‍പ്പെടെ മറ്റു മതസ്ഥരോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെടുന്നവരുമായി കൈകോര്‍ക്കുകയാണ് ചെയ്യുന്നതെന്ന് നാം തിരിച്ചറിയണം. ദില്ലിയിലെ ജഹാംഗീര്‍ പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കാനെത്തിയപ്പോഴും യു.പിയില്‍ റിക്ഷകള്‍ തകര്‍ത്തപ്പോഴും ഗുജറാത്തില്‍ ധളിതര്ക്കും മുസ് ലിങ്ങള്ക്കുമെതിരെ അക്രമം ഉണ്ടായപ്പോഴും കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്നും മറിയം ധാവ്ളെ ചോദിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി.വി പ്രീത അധ്യക്ഷത വഹിച്ചു. പി.കെ ശ്യാമള, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സി.എസ്.സുജാത, എന്‍.സുകന്യ, ഇ. പത്മാവതി, എം.ജി.മീനാംബിക, എം.വി.സരള, പി.പി ദിവ്യ എം.സുമതി, രുഗ്മിണി സുബ്രഹ്മണ്യം, പി.എസ്.സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു.