ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം. നിലവിലെ ചാമ്പ്യന്മാരായ സിറ്റി, സതാംപ്ടണിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ വോള്‍വ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി കീഴടക്കിയത്. ഇതോടെ പോയന്റ് പട്ടികയില്‍ മാഞ്ചെസ്റ്റര്‍ സിറ്റി തലപ്പത്തെത്തി.
ആദ്യ മിനിറ്റുമുതല്‍ തന്നെ ആക്രമിച്ചാണ് സിറ്റി കളിച്ചത്. 20-ാം മിനിറ്റില്‍ തന്നെ സിറ്റി ലീഡെടുത്തു. ലെഫ്റ്റ് ബാക്ക് ജാവോ ക്യാന്സലോയാണ് വലകുലുക്കിയത്. 32-ാം മിനിറ്റില്‍ ഫില്‍ ഫോഡന് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി രണ്ട് ഗോളുകള്‍ക്ക് സിറ്റി മുന്നിട്ട് നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റി വലകുലുക്കി. 49-ാം മിനിറ്റില്‍ റിയാദ് മെഹ്റസാണ് ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടും ഗോള്‍ പട്ടികയില്‍ ഇടം നേടിയതോടെ സെയിന്റ്സിന്റെ പതനം സമ്പൂര്‍ണ്ണമായി. തുടര്‍ച്ചയായ ഏഴാം പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ഹാളണ്ട് ഗോള്‍ നേടുന്നത്.
ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വോള്‍വ്സിനെ തകര്‍ത്ത് നീലപ്പട പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കായ് ഹവേര്‍ട്സ്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, അര്‍മാന്‍ഡോ ബ്രോജ എന്നിവരാണ് നീലപ്പടയുടെ സ്കോറര്‍മാര്‍. എട്ട് കളികളില്‍ നിന്ന് 16 പോയന്റാണ് ചെല്‍സിയുടെ സമ്പാദ്യം. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് ബ്രെന്റ്ഫോര്‍ഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ബേണ്‍മൗത്ത് ലെസ്റ്റര്‍ സിറ്റിയേയും പരാജയപ്പെടുത്തി.