വർഷം 492 കോടി, മെസ്സി ഇനി മയാമിയിൽ
ഫ്ളോറിഡ: ലയണൽ മെസ്സി തന്റെ കരിയറിലെ മൂന്നാമത്തെ ക്ലബ്ബിനൊപ്പം ഔദ്യോഗികമായി ചേർന്നു. യു.എസിലെ മേജർ ലീഗ് സോക്കർ (എം.എൽ.എസ്.) ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമാണ് ഇനി അർജന്റീനയുടെ സൂപ്പർതാരം പന്തുതട്ടുക. 492 കോടി രൂപ വാർഷികപ്രതിഫലത്തിനാണ് താരത്തെ സ്വന്തമാക്കിയത്. വാണിജ്യവരുമാനങ്ങൾ ഇതിൽ ഉൾപ്പെടില്ല. 2025 വരെയാണ് കരാർ.
ഏഴുതവണ ബാലൺദ്യോർ പുരസ്കാരജേതാവായ മെസ്സി, കഴിഞ്ഞ ജൂണിലാണ് പി.എസ്.ജി. വിട്ടത്. ബാഴ്സലോണയിൽ 21 വർഷം കളിച്ച മെസ്സി 2021-ലാണ് സ്പെയിൻ വിട്ടത്. പിന്നീട് രണ്ടുസീസൺ ഫ്രഞ്ച് ലീഗ് വണിലേക്ക് ചുവടുമാറി. ബാഴ്സയിൽനിന്ന് പി.എസ്.ജി.യിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. ഈവർഷം കരാർ അവസാനിച്ച മെസ്സി ബാഴ്സയിലേക്ക് തിരികെപ്പോകുമെന്നും സൗദി ക്ലബ്ബ് അൽ ഹിലാലിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, യൂറോപ്പ് വിടാനായിരുന്നു 36-കാരനായ മെസ്സിയുടെ തീരുമാനം. പത്താംനമ്പർ ജേഴ്സിയിലാണ് മയാമിയിൽ മെസ്സി കളിക്കുക. പി.എസ്.ജി.യിൽ 30-ാം നമ്പർ ജേഴ്സിയിലാണ് കളിച്ചിരുന്നത്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30-ന് മെസ്സിയെ ഇന്റർ മയാമി അവതരിപ്പിക്കും. ഹോംഗ്രൗണ്ടായ ഫ്ളോറിഡയിലെ ഡി.ആർ.വി. പി.എൻ.കെ. സ്റ്റേഡിയത്തിലാണ് ചടങ്ങ്. ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം ചുരുക്കം കാണികളും പരിപാടിക്ക് സാക്ഷ്യംവഹിക്കും. യു.എസിലും മയാമിയിലുമായി പുതിയ കരിയർ ആരംഭിക്കുന്നതിൽ സന്തോഷിക്കുന്നെന്നും മുന്നിലുള്ള ലക്ഷ്യങ്ങളിലെത്താൻ കഠിനപ്രയത്നം നടത്തുമെന്നും മെസ്സി പറഞ്ഞു. സ്വപ്നം യാഥാർഥ്യമായെന്ന് ക്ലബ്ബിന്റെ ഉടമകളിലൊരാളായ ഡേവിഡ് ബെക്കാം പ്രതികരിച്ചു.