മുഹമ്മദ് അബിനാസിന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ
വൻ തുക ലാഭ വിഹതമായി നൽകാമെന്ന് പറഞ്ഞ് കോടികൾ നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസിന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ.
തളിപ്പറമ്പ് : നഗരസഭ ഓഫിസിന് സമീപത്തെ ഇ.അബ്ദുൽ മുനീറിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിലാണ് മഴൂരിലെ പി.കെ സുഹൈറിനെ തട്ടികൊണ്ട് പോയതായി മാതാവ് അത്തിക്ക പരാതി നൽകിയിരുന്നത്. കേസിൽ പ്രതികളായ സി.എച്ച് റോഡിലെ ചുള്ളിയോടൻ പുതിയ പുരയിൽ ഇബ്രാഹിം കുറുമാത്തൂർ വെള്ളാരംപാറയിലെ ആയിഷാസിൽ മുഹമ്മദ് സുനീർ , കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷാക്കീർ യത്തീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയിൽ ഇബ്രാഹിം കുട്ടി മന്ന സ്വദേശി കായക്കൂൽ മഹമ്മദ് അഷറഫ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസിൻ്റ ഓഹരി മാർക്കറ്റിൽ സുഹൈർ വഴി മുനീർ അമ്പത് ലക്ഷം നിക്ഷേപിച്ചിരുന്നു. അബിനാസ് ഒളിവിൽപ്പോയതോടെ തുക ലഭിക്കാൻ സുഹൈറിനെ മുനീറിൻ്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. മന്നയിലെ സ്ഥാപനത്തിൽ വച്ചാണ് മുനീറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മുനീറിനെ റിമാൻഡ് ചെയ്തു.