അമ്മയേയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവം; ഇന്ന് അറസ്റ്റുണ്ടാകും
കൊല്ലം: തഴുത്തലയില്‍ അമ്മയേയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും. കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവന്‍ പുറത്തു നിര്‍ത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതുല്യയുടെ മൊഴിയെടുത്തതും പിന്നീട് കേസ് നടപടികളിലേക്ക് നീങ്ങിയതും. ഇന്നലെ അതുല്യയുടെ ഭര്‍ത്താവ് പ്രതീഷ് ലാല്‍, അമ്മായി അമ്മ അജിതകുമാരി, ഭര്‍തൃ സഹോദരി പ്രസീത എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു. സ്ത്രീധന പീഡനത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. 100 പവന് സ്വര്‍ണവും പണവും സ്ത്രീധനായി നല്‍കിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതല്‍ പണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയില്‍ പറയുന്നത്.
വ്യഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളില്‍ നിന്നെത്തിയ മകനെ വിളിക്കാന്‍ അതുല്യ പുറത്തു പോയ സമയത്താണ് ഭര്‍തൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂര്‍ എസിപി, സിഡബ്ല്യൂസി ജില്ലാ ചെയര്മാന്, വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ എന്നിവര്‍ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അതുല്യയേയും കുഞ്ഞിനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്.