സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി
കൊച്ചി: പ്രശസ്ത കോസ്റ്റ്യം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധായികയാകുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലായില്‍ ആരംഭിച്ചു. സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ഷൂട്ടിങിന് തുടക്കമായത്.
ബീത്രീഎം കിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഫാദര്‍ മാത്യു അമ്പഴത്തുങ്കലിന്റെ പ്രാര്‍ത്ഥനയോടെയാണ് തുടക്കമിട്ടത്. നിര്‍മ്മാതാക്കളായ നോബിന് മാത്യ മിനു തോമസ്, പ്രമോദ് മാട്ടുമ്മല്‍ എന്നിവര്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് നടന് വിജയരാഘവന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഷറഫുദ്ദീനും രജീഷാ വിജയനും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പും നല്കി. ആദ്യ ഷോട്ടില്‍ നടന് ബിജു സോപാനമാണ് അഭിനയിച്ചത്.
പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ഇനിയും പേരിടാത്ത ചിത്രത്തിന്റെ ടൈറ്റില്‍ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്ന് സംവിധായിക സ്റ്റെഫി സേവ്യര്‍ പറഞ്ഞു. സംവിധാനം ചെയ്യണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള ഹോംവര്‍ക്കുകള്‍ നടത്തിപ്പോന്നിരുന്നു. അത് ഈ ദിവസം പ്രാവര്‍ത്തികമാക്കുന്നു, എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം. സ്റ്റെഫി പറഞ്ഞു.