ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു; മൃതദേഹം കണ്ടത് ട്യൂഷന് കഴിഞ്ഞെത്തിയ മകന്
കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതികളാണ് ദിവസങ്ങള്‍ക്കകം മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമായി സൂക്ഷിച്ചിരിക്കുന്നു.
ഞായറാഴ്ച്ച രാത്രിയോടെ ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്. വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകന് കണ്ടത് പിതാവ് തൂങ്ങി നില്ക്കുന്നതും മാതാവ് ബോധ രഹിതയായി വീണു കിടക്കുന്നതുമാണ്. മകന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നു രണ്ടു പേരെയും ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സുനില്‍ തടിപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. മക്കള്‍: അക്ഷര സുനില്‍ (ബ്യൂട്ടിഷ്യന്), ദേവാനന്ദ് സുനില്‍ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി). അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.