പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്: എം.വി ഗോവിന്ദന്
പാലക്കാട്: കൃത്യമായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇത്തരക്കാര്‍ സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ പകര്‍ത്തുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ആരംഭിച്ച ഇഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലരെ പാര്‍ട്ടി മെമ്പര്‍മാരാക്കുന്നു, ചിലരെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും. എന്നാല്‍ യാതൊരു പ്രത്യയശാസ്ത്ര യോഗ്യതയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല. എന്നിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മള് കേള്‍ക്കാനിടയാകുകയാണ്. ശുദ്ധ അസംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവര്‍ വഴുതി മാറുന്നുണ്ടെന്ന് എം.വി ഗോവിന്ദന് കുറ്റപ്പെടുത്തി.
മാര്‍കിസ്റ്റ് ആവണമെങ്കില്‍ സാമാന്യ പ്രത്യയശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള ബോധവും വേണം. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെകുറിച്ച് ബോധ്യം ഉണ്ടാകണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍ക്സിസ്റ്റ് ആകാന്‍ തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ട നരബലിക്കേസ് പ്രതി ഭവഗവല്‍ സിങ്ങ് സിപിഎം പ്രവര്‍ത്തകനാണെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പരോക്ഷ വിമര്‍ശനം.