കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റില്ല എന്ന ദാർഷ്ട്യമാണ് കേന്ദ്രസർക്കാരിനെന്നും അദ്ദേഹം പറഞ്ഞു. 6000 കോടിയിലധികം രൂപയാണ് കേരളത്തിന് തരാനുള്ള കുടിശ്ശിക. വിട്ടന്മമാർക്ക് ക്ഷേമ പെൻഷൻ നൽകണമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആഗ്രഹം. എന്നാൽ ഈ കേന്ദ്ര അവഗണന മൂലം അതിന് സാധിക്കുന്നില്ല.
ഇന്ത്യയുടെ ഭാഗമാണ് കേരളവും തമിഴ്നാടും കർണാടകവും. ഇന്ത്യയെ ഒരു ഇന്ത്യയാക്കി കൊണ്ടുപോകാൻ കഴിയില്ലെന്നതാണ് നരേന്ദ്ര മോദിയുടെ നിലപാട്. ഒരു ദേശീയ പ്രസ്ഥാനത്തിൻറെ പാരമ്പര്യം ബിജെപിക്കും ആർഎസ്എസിനും ഇല്ല. ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ആർ എസ് എസും ബി ജെ പിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. കോൺഗ്രസ് പലകാര്യങ്ങളിലും നിലപാട് പറയുന്നതും പറയാത്തതും ഒരേ പോലെയാണ്. കേരളത്തിലെ കോൺഗ്രസ് കോൺഗ്രസിന്റെ ഭാഗമല്ല. കോൺഗ്രസ് ഇതിന് മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് ഒന്നാം നമ്പർ ശത്രു സിപിഎം ആണെന്ന്. ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.