ഇന്ന് നബിദിനം; പ്രവാചക പ്രകീര്‍ത്തന നിറവില്‍ വിശ്വാസികള്‍
കണ്ണൂര്‍: നബികീര്‍ത്തനങ്ങളുടെ ആഘോഷ പൊലിമയില്‍ ഇന്ന് നബിദിനം. പ്രവാചകന് മുഹമ്മദ് നബി (സ) യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നല്കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.
തെരുവോരങ്ങളും പള്ളി- മദ്റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കും.
മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു മൗലിദ് സദസ്സുകള്‍ നടന്നത്. നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ ആവേശപൂര്‍വമാണ് വിശ്വാസികള്‍ മൗലിദ് സദസ്സിലേക്ക് എത്തിച്ചേര്‍ന്നത്.
നബിദിനത്തോട് അനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെയും എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെയും നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന് സംഘടിപ്പിച്ചിട്ടുണ്ട്.