2024 ഓടെ കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതാ വികസനം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തളിപ്പറമ്പ്: 2024 ഓടെ കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതാ വികസനം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാതാ വര്‍ക്ക് സൈറ്റ് വിസിറ്റിന്റെ ഭാഗമായി തളിപ്പറമ്പ് കുറ്റിക്കോലില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ എല്‍.ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് കേരളത്തിന്റെ ദീര്‍ഘകാല ആഗ്രഹമായ ദേശീയപാതാ വികസനം നടപ്പിലാകുമെന്ന് ഉറപ്പായത്. കേരളത്തിലെ ജനസാന്ദ്രതയും കേന്ദ്രമനുവദിച്ച ഫണ്ടിന്റെ കുറവുമാണ് വികസനത്തിന് തടസമായി നിന്നിരുന്നത്. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതാ വികസനത്തിന് 5800 കോടി നീക്കിവച്ചപ്പോള്‍ തടസമെല്ലാം നീങ്ങി ഭൂമി ഏറ്റെടുത്ത് പ്രവര്‍ത്തി തുടങ്ങാനായി. മൊത്തം ചെലവിന്റെ 25 ശതമാനമാണിത്. 2021ല്‍ വീണ്ടും പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ പ്രധാന പദ്ധതിയായി പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തി നടത്താന്‍ തീരുമാനിച്ചു. പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ എവിടെ നല്‍കുമെന്ന ഒരു വ്യക്തതക്കുറവുണ്ടായിരുന്നു. അത് പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ദേശീയപാതാ പ്രവര്‍ത്തിയുടെ റീജ്യണല്‍ ഹെഡ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരെ കൂടി ഉള്‍പ്പെടുത്തിയുള്ള സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും 2025 ല്‍ കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തിയാകുന്നത് വരെ ഈ രീതിയില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം ദേശീയപാത വികസന പദ്ധതിയുടെ റീജ്യണല്‍ ഹെഡ്, പി.ഡബ്ല്യു.ഡി സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്, പി.മുകുന്ദന്, കെ.സന്തോഷ് തുടങ്ങിയവരുമുണ്ടായിരുന്നു.