ദേശീയപാത: രണ്ട് ജില്ലകളില്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന
കണ്ണൂര്‍: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ദേശീയപാതയുടെ പുരോഗതി ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പരിശോധിക്കും. കോഴിക്കോട് ജില്ലയില്‍ വടകര അഴിയൂരില്‍ നിന്ന് ആരംഭിക്കുന്ന പരിശോധന കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കോത്തായി മുക്കില്‍ അവസാനിക്കും. കണ്ണൂര്‍ ജില്ലയില്‍ മാഹി ബൈപ്പാസില്‍ നിന്നാണ് പ്രവൃത്തി വിലയിരുത്തല്‍ നടത്തുക.
ജനപ്രതിനിധികളും ദേശീയ പാത അതോറിറ്റിയുടെയും സംസ്ഥാന പൊതുമരാമത്തു വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും മന്ത്രിക്കൊപ്പം ഉണ്ടാവും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ മുഴുവന്‍ റീച്ചിലെയും പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം മന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന അവലോകന യോഗവും നടക്കും.
ദേശീയപാത വികസനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന. ദേശീയപാത വികസനം നടക്കുന്ന മുഴുവന്‍ ജില്ലകളിലും ഇത്തരത്തില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം.