വള്ളംകളി കാണാൻ വന്ന യുവാവ് കായലിൽ വീണ് മരിച്ചു
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലിൽ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കിൽ വീട്ടിൽ ശശിയുടെ മകൻ എസ്. രഞ്ജിത്താണ് (24) മരിച്ചത്. സ്റ്റാർട്ടിങ് പോയിന്റിൽ ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ വൈകിട്ട് 3.40ന് ആയിരുന്നു അപകടം. മത്സര വള്ളംകളി നടക്കുന്നതിനിടെ ആവേശത്തിൽ കായലിലേക്കു ചാടിയിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കിൽപെട്ട രഞ്ജിത്തിനെ അഗ്നിരക്ഷാസേന ചേർത്തല സ്റ്റേഷൻ അസിസ്റ്റന്റ് ഓഫിസറും സ്കൂബ അംഗവുമായ ആർ.മധുവും തകഴി സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ യു.സുമേഷും ചേർന്നു മുങ്ങിയെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ്യേഷ്ഠനും സുഹൃത്തുക്കൾക്കുമൊപ്പമാണു രഞ്ജിത്ത് വള്ളംകളി കാണാനെത്തിയത്. കുമളിയിലെ സ്വകാര്യ കലാകേന്ദ്രത്തിൽ കഥകളി നടനാണ്. മാതാവ്: ഗിരിജ. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.