രാജ്യം ഇന്ന് മുതൽ പുതിയ പാർലിമെൻ്റ് മന്ദിരത്തിൽ; ഇന്ന് സെൻട്രൽ ഹാളിൽ സമ്മേളിച്ചശേഷം എം.പിമാർ പുതിയ മന്ദിരത്തിലേക്ക് നീങ്ങും
ന്യൂഡൽഹി : ഭരണഘടനാ നിർമാണം അടക്കം നിരവധി ചരിത്രമുഹൂർത്തങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച പാർലമെന്റ് മന്ദിരത്തിന് രാജ്യത്തിന്റെ വിട. തിങ്കളാഴ്ച രാവിലെ മുതൽ ഇരുസഭകളിലും സ്വന്തം ഇരിപ്പിടങ്ങളിൽ അവസാനമായി ഇരുന്ന പാർലമെന്റ് അംഗങ്ങൾ, ചരിത്രമന്ദിരത്തിന്റെ ഓർമകളും അനുഭവങ്ങളും മനസ്സിലേറ്റി വൈകീട്ടോടെ വിടപറഞ്ഞിറങ്ങി. പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ 10.30ന് ഒരുമിച്ച് ഒരു ഫ്രെയിമിൽ അണിനിരന്ന്, സെൻട്രൽ ഹാളിൽ സമ്മേളിച്ചശേഷം ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നീങ്ങും.
പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്രയുടെ സുവർണ അധ്യായമായി ഈ മന്ദിരം വരും തലമുറയെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ പാർലമെന്റിന്റെ 75 വർഷത്തെ യാത്രയെ കുറിച്ചുള്ള ചർച്ചക്ക് തുടക്കമിട്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദി സർക്കാറിന്റെ നിലവിലെ രാഷ്ട്രീയം മാറ്റാതെ പുതിയ പാർലമെന്റിലേക്ക് മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ അഭിപ്രായപ്പെട്ടു.പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ‘സ്ട്രോക് ഓഫ് മിഡ്നൈറ്റ്’ എന്നതിന്റെ പ്രതിധ്വനി ഓരോ പൗരനെയും തുടർന്നും പ്രചോദിപ്പിക്കുമെന്ന് പറഞ്ഞ മോദി, ‘സർക്കാറുകൾ വരും പോകും. പാർട്ടികൾ ഉണ്ടാകുകയും ഇല്ലാതാകുയും ചെയ്യും. ഈ രാജ്യം നിലനിൽക്കണം, ജനാധിപത്യം നിലനിൽക്കണം’ എന്ന അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗവും അനുസ്മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ, റാം മനോഹർ ലോഹ്യ, ചന്ദ്രശേഖർ, ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയവരെയും മോദി പരാമർശിച്ചു.
ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതും ചരക്കുസേവന നികുതിയും, ഒരു റാങ്ക് ഒരു പെൻഷനും, മുന്നാക്കരിലെ ദരിദ്രർക്കുള്ള 10 ശതമാനം സംവരണവും തന്റെ കാലത്തെ പാർലമെന്റിന്റെ നേട്ടങ്ങളായി മോദി വിശേഷിപ്പിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങളെയും പാർലമെന്റിന്റെ സംഭാവനകളിൽ ചിലതു മാത്രം തിരഞ്ഞുപിടിച്ചുള്ള സംസാരത്തെയും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം സംവിധാനങ്ങളുടെ പോരായ്മയാണെന്ന പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ വാക്കുകളുദ്ധരിച്ച മല്ലികാർജുൻ ഖാർഗെ, ശക്തമായ പ്രതിപക്ഷത്തെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ജവഹർലാൽ നെഹ്റുവിൽനിന്ന് തുടങ്ങി നരേന്ദ്ര മോദിയിലെത്തിനിൽക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാൻ ഇരു പ്രധാനമന്ത്രിമാരെയും താരതമ്യം ചെയ്താൽ മതിയെന്ന് മുതിർന്ന പാർലമെന്റേറിയനും സമാജ്വാദി പാർട്ടി നേതാവുമായ രാംഗോപാൽ യാദവ് ഓർമിപ്പിച്ചു. ഭൂരിപക്ഷവും ഭൂരിപക്ഷവാദവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതുകൊണ്ടാണ് ചെറിയ വിമർശനം കേൾക്കുമ്പോഴേക്ക് പാകിസ്താനിൽ പോകാൻ പറയുന്നതെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ ചൂണ്ടിക്കാട്ടി.
കേരളത്തിൽനിന്നുള്ള എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, പി.വി.അബ്ദുൽവഹാബ് തുടങ്ങിയവർ സംസാരിച്ചു.