രാത്രിയിൽ മുഖംമൂടി ധരിച്ച് അജ്ഞാതന്റെ വിളയാട്ടം
തലയിൽ തൊപ്പി, തോളിലൊരു സഞ്ചി… രാത്രി വീടുകളിൽ മാറി മാറിയെത്തുന്ന അജ്ഞാതനെ പേടിച്ച് കോടോപ്പള്ളി.
തേർത്തല്ലി : കോടോപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി, മുഖംമൂടി ധരിച്ച് അജ്ഞാതന്റെ വിളയാട്ടം. രാത്രി വീടുകളിൽ മാറി മാറിയെത്തുന്ന ഇയാൾ കതകുകളിലും ജനാലകളിലും മുട്ടി, വീട്ടുകാർ ഉണർത്തി, അവർ പുറത്തെത്തുമ്പോൾ ഓടിരക്ഷപ്പെടുകയാണ്. വീട്ടുമുറ്റത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ ചുരുട്ടി വയ്ക്കുന്നതും ടാപ്പ് തുറന്നു വയ്ക്കുന്നതുമൊക്കെ ഇയാളുടെ ഹോബിയാണ്. ആഴ്ചകളായി വിലസുന്ന അജ്ഞാതനെ പിടികൂടാൻ നാട്ടുകാർ ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നിമിഷനേരം കൊണ്ടു മാറുകയാണ് അജ്ഞാതൻ. ചെറിയ വെളിച്ചത്തിൽ സഞ്ചരിക്കുന്ന അജ്ഞാതനെ വലിയ വെളിച്ചം കൊണ്ടാണു നാട്ടുകാർ അന്വേഷിക്കുന്നത്. ഇതൊക്കെയാണു നാട്ടുകാർക്ക് പിടികൂടാൻ കഴിയാതെ പോകുന്നതിന്റെ കാരണം. ആദ്യം കോടോപ്പള്ളിയിലായിരുന്നു ഇയാളുടെ വിളയാട്ടമെങ്കിൽ ഇപ്പോൾ ചെക്കിച്ചേരിയിലേക്കും പനംകുറ്റിയിലേക്കും കടന്നിട്ടുണ്ട്. ഇതിനിടെ ഇയാളെ മിന്നൽ പോലെ കണ്ടവരുണ്ട്. അടിവസ്ത്രം മാത്രം ധരിച്ചു ദേഹം മുഴുവൻ എണ്ണയും പുരട്ടിയാണു സഞ്ചാരം.
തലയിൽ തൊപ്പിയും തോളിലൊരു സഞ്ചിയുമുണ്ട്. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസും ഇയാളെ പിടികൂടാൻ ശ്രമം നടത്തുന്നുണ്ട്. അജ്ഞാതന്റെ ലക്ഷ്യം മോഷണമാണോ നാട്ടുകാരെ ഭയപ്പെടുത്തലാണോ എന്നു വ്യക്തമല്ല. ഓരോ ദിവസവും വ്യത്യസ്ത ചെയ്തികളുമായി എത്തുന്ന അജ്ഞാതനെ പിടികൂടാത്തതിനാൽ നാട്ടുകാർക്ക് ഭീതിയുമുണ്ട്. സ്ത്രീകളും കുട്ടികളും രാത്രി പുറത്തിറങ്ങാൻ ഭയക്കുകയാണ്.