ക്ഷേത്രങ്ങളില്‍ ആയുധപരിശീലനവും ശാഖയും വേണ്ട; ഉത്തരവുമായി ഹൈക്കോടതി
തിരുവനന്തപുരം : ശാര്‍ക്കര ദേവീക്ഷേത്ര പരിസരത്ത് സംഘം ചേര്‍ന്നുള്ള അഭ്യാസങ്ങളും ആയുധ പരിശീലനവും അനുവദിക്കില്ലെന്ന് ഹൈക്കോടതി. ആര് എസ് എസിന്റേയും അനുബന്ധ സംഘടനകളുടേയും ആയുധ പരിശീലനം ക്ഷേത്രപരിസരത്ത് നിന്ന് തടയണം എന്ന ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന് കീഴിലാണ് ക്ഷേത്രം. രണ്ട് ഭക്തര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ ദിവസവും വൈകുന്നേരം ആര്‍എസ്എസുകാര്‍ നടത്തുന്ന ആയുധ പരിശീലനം ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ക്ഷേത്രത്തില്‍ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ടെന്നും ഉച്ചത്തിലുള്ള മുദ്രവാക്യം വിളി ഇതിനെതിരാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.ആര് എസ് എസ് പ്രവര്‍ത്തകര്‍ ക്ഷേത്രപരിസരം അനധികൃതമായി ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും തടയാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ദേവസ്വം ബോര്‍ഡ് നിയന്ത്രിക്കുന്ന ആരാധനാലയങ്ങളില്‍ ആര് എസ് എസ് ശാഖകളും സംഘം ചേര്‍ന്നുള്ള അഭ്യാസങ്ങളും നിരോധിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ ഉത്തരവ് കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ സഹായം നല്കാന് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി.
ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ആവശ്യമായ സഹായം നല്‍കണം എന്നും നിരോധനം കര്‍ശനമായി പാലിക്കണം എന്നുമാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത്കുമാറും പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. മേയ് 18 ന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര് എസ് എസ് ശാഖകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.2021 ലെ ഉത്തരവ് പാലിക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ക്ഷേത്ര സമുച്ചയങ്ങളില്‍ ആര് എസ് എസ് നടത്തുന്ന എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ച് കൊണ്ട് 2016 ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ്സര്ക്കുലര് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2021 മാര്‍ച്ച് 30 ന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി.2016 ല്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേരളത്തിലെ ക്ഷേത്രങ്ങളെ ആയുധപ്പുരയാക്കാനാണ് ആര് എസ് എസ് ശ്രമിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വന്‍തോതില്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.