പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് നോവലിസ്റ്റ് വിടവാങ്ങി
കോഴിക്കോട് : പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് നോവലിസ്റ്റ് വിടവാങ്ങി. ‘ലുക്കാച്ചുപ്പി’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഗഫൂർ അറയ്ക്കലാണ് (54) ഇന്നലെ ഉച്ചയോടെ ഓർമയായത്. ഗഫൂറിന്റെ പുതിയ നോവൽ ‘ദ് കോയ’യുടെ പ്രകാശനച്ചടങ്ങ് ഇന്നലെ വൈകിട്ട് അഞ്ചിനാണ് നടക്കേണ്ടിയിരുന്നത്. അനശ്വരമായ സൗഹൃദങ്ങളുടെ കഥ പറഞ്ഞ സിനിമയാണ് 2015ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’. ഗഫൂറിന് അവസാനശ്വാസം വരെ തണലായി കൂടെനിന്നതും സുഹൃത്തുക്കളാണ്. അർബുദബാധിതനായി ഗഫൂർ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ കൂട്ടുകാർ ഉദ്ഘാടകനെയും വിശിഷ്ടാതിഥികളെയും ക്ഷണിക്കാനും പ്രകാശനത്തിന്റെ പോസ്റ്ററുകൾ പതിക്കാനുമൊക്കെ ഓടിനടക്കുകയായിരുന്നു. എന്നാൽ, ദുഃഖകരമായ ക്ലൈമാക്സ് പോലെ, ആ ചടങ്ങിന് ഏതാനും മണിക്കൂർ മുൻപ് ഗഫൂർ യാത്രയായി.
ഇന്നലെ വൈകിട്ട് അഞ്ചിനാണ് കെ.പി.കേശവമേനോൻ ഹാളിൽ പുസ്തകപ്രകാശനം നടത്താനിരുന്നത്. പ്രകാശനച്ചടങ്ങ് മാറ്റിവച്ചു. ഫറോക്കിനടുത്ത് പേട്ടയിൽ ഉസ്സൻകോയയുടെയും പാത്തേയിയുടെയും മകനായ ഗഫൂർ ഫാറൂഖ് കോളജിലെ ബിരുദ പഠനകാലത്ത് അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യൻ എന്നീ കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. നക്ഷത്രജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും എഴുതി. ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവയാണ് മറ്റു നോവലുകൾ. ജനശതാബ്ദി, കോട്ടയം തുടങ്ങിയവയാണ് മറ്റു സിനിമകൾ. ചേളാരി പൂതേരിവളപ്പിലെ ‘ചെമ്പരത്തി’യിലാണ് താമസം. ഭാര്യ: ആശാ പി. കൃഷ്ണൻ (അധ്യാപിക, പേട്ട ജിഎംഎൽപി സ്കൂൾ). മക്കൾ: ഋത്വിക്ലാൽ, അഭിരാമി.