നഴ്സ് ശ്രീലക്ഷ്മിക്ക് ഇനി ഡോക്ടർ പഠനം
എട്ടു വർഷത്തിനുശേഷം ആഗ്രഹം സഫലമായി.
നഴ്സിന്റെ ജോലി രാജിവച്ച് നീറ്റ് പരീക്ഷ എഴുതിയ ശ്രീലക്ഷ്മിക്ക് ഇനി എം.ബി.ബി.എസ് പഠനത്തിന്റെ നാളുകൾ.ഡൽഹി എയിംസിൽ നാലു വർഷത്തെ നഴ്സിംഗ് പഠനവും അവിടെത്തന്നെ നാലു വർഷത്തെ ജോലിയും കഴിഞ്ഞാണ് കേരളത്തിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളേജിലേക്ക് വരുന്നത്.
പാലാ കടനാട് വല്യാത്ത് കരോട്ടുപാറയ്ക്കലെ ശ്രീലക്ഷ്മിയാണ് എട്ടു വർഷം മുമ്പ് കൈവിട്ടുപോയ നീറ്റ് വിജയം ഇക്കുറി ഉന്നതനിലയിൽ കരസ്ഥമാക്കിയത്. 720 ൽ 672 മാർക്ക് !
കെ.എസ്.ഇ.ബി റിട്ട. ഓവർസീയർ സതീഷ്കുമാറിന്റെയും കടനാട് പഞ്ചായത്ത് മുൻ മെമ്പർ ബിന്ദുവിന്റെയും മകളാണ്.കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച ശ്രീലക്ഷ്മിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു ഡോക്ടറാകുകയെന്നത്. എട്ട് വർഷം മുമ്പെഴുതിയ ആദ്യ എൻട്രൻസിൽ വിജയിക്കാനായില്ല. അത്തവണത്തെ നഴ്സിംഗ് എൻട്രൻസിൽ അഖിലേന്ത്യാ തലത്തിൽ ഒൻപതാം റാങ്ക് നേടി. അങ്ങനെയാണ് എയിംസിൽ ബി.എസ്.സി നഴ്സിംഗിന് ചേർന്നത്. ഉന്നത മാർക്കോടെ വിജയിച്ച ഉടൻ എയിംസിൽ തന്നെ സ്റ്റാഫ് നഴ്സായി. നാലുവർഷം ജോലി നോക്കിയപ്പോഴും ഡോക്ടറാകാനുള്ള ആഗ്രഹം വിട്ടുകളഞ്ഞില്ല. വിവാഹം പോലും ഈ ഇരുപത്താറുകാരി മാറ്റിവച്ചു.
കഴിഞ്ഞ ജനുവരിയിൽ എയിംസിലെ ജോലി രാജിവയ്ക്കുകയാണെന്ന് ശ്രീലക്ഷ്മി പറഞ്ഞപ്പോൾ മാതാപിതാക്കൾ അമ്പരന്നു. എന്ത് ഭാവിച്ചാ മോളേയെന്ന് പലവട്ടം ചോദിച്ചു. ഡോക്ടറാകാനുള്ള മോഹം വിജയിച്ചില്ലെങ്കിൽ വിദേശത്തേക്ക് പോകാൻ ഐ.ഇ.എൽ.ടി.എസ് പാസായിരുന്നു. അതിനാൽ യാതൊരു ആശങ്കയുമില്ലാതെ നാട്ടിലെത്തി പാലാ ബ്രില്യന്റിൽ ചേർന്നു. അതാണിപ്പോൾ വിജയം കണ്ടത്. ബി.ടെക്കുകാരനായ സഹോദരൻ അടുത്ത മാസം ഉപരിപഠനത്തിന് ഇറ്റലിയിലേക്ക് പോവുകയാണ്.