ഒഡീഷയിൽ ശവസംസ്കാരത്തിനിടെ പാതി വെന്ത ശരീരം ഭക്ഷിച്ച് മദ്യപാനികൾ, അറസ്റ്റ്
ഭുവനേശ്വർ∙ ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു മദ്യപാനികൾ അറസ്റ്റിൽ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ ചൊവ്വാഴ്ചയാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിങ്ങി(25)ന്റേതായിരുന്നു മൃതദേഹം
രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത അവിടെവച്ച് മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആശുപത്രി അധികൃതർ ബന്ധുക്കൾക്കു വിട്ടുനൽകി. ഇവർ മധുസ്മിതയുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ശ്മശാനത്തിലേക്കു മൃതദേഹം കൊണ്ടുപോയി. ശവസംസ്കാര സമയത്ത് അവിടെയുണ്ടായിരുന്ന രണ്ടു മദ്യപാനികൾ വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്ണങ്ങളാക്കി. തുടർന്ന് ഒരു കഷ്ണം അവർ കയ്യിൽ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധു ലാബാ സിങ് പറഞ്ഞു.
എന്തിനാണ് നിങ്ങൾ ശരീരഭാഗം കയ്യിൽ വയ്ക്കുന്നതെന്നു ചോദിച്ചപ്പോൾ നിങ്ങൾക്കു മന്ത്രവാദത്തെ കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു സുന്ദറിന്റെ മറുപടിയെന്നും ലാബാ സിങ് പറഞ്ഞു. തുടർന്ന് താൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ആ മാംസം അവർ ഭക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. സുന്ദർ ഒരു ഭാഗം നരേന്ദ്രനും നൽകി.
തുടർന്ന് ഗ്രാമവാസികൾ ഇരുവരെയും മർദിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റം സമ്മതിച്ച സുന്ദറും നരേന്ദ്രനും തങ്ങൾ മദ്യലഹരിയിലാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തതെന്നും പൊലീസിനോടു പറഞ്ഞു