കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു, ഒമാനിൽ രണ്ട് മരണം
മസ്കത്ത് : ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്. മറ്റ് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ് ലഭിച്ചത്. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്കത്ത്, ദാഖിലിയ, ദാഹിറ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ വിലയത്തുകളിലാണ് ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴ കോരിചൊരിയുന്നത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും നിർദ്ദേശിച്ചു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീട്ടിൽനിന്നിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.