ഓണം ബംപര്‍ അടിച്ച അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ…
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചപ്പോള്‍ അനൂപ് പോലും വിചാരിച്ചില്ല ഇങ്ങനെ കുടുങ്ങുമെന്ന്. ഓരോ ദിവസവും രാവിലെ മുതല്‍ സഹായം തേടി വരുന്നവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് അനൂപ്. അനൂപിന് ഇതുവരെ ലോട്ടറിയടിച്ച പണം കൈയില്‍ കിട്ടിയിട്ടില്ല. സഹായം തേടി വരുന്നവരോട് തന്റെ കൈയില്‍ പണം വന്നിട്ടില്ലായെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇപ്പോള്‍ മാസ്ക് വച്ച് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും അനൂപ് പറയുന്നു.
ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് അനൂപ് തന്റെ ദുരവസ്ഥ പറയുന്നത്:
‘ഓണം ബമ്പര്‍ അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നു പറഞ്ഞാല്‍ പിടിച്ചുനില്ക്കാന് പറ്റാത്ത സന്തോഷം. ഇപ്പം ഓരോ ദിവസം കഴിയും തോറും എന്റെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് ഇപ്പോള്‍ വീടിന് വെളിയിലേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല. ഒരിടത്തേക്ക് പോകാന്‍ പറ്റുന്നില്ല. ചേച്ചിയുടെ വീട്ടിലടക്കം പലയിടത്തും മാറി മാറിയാണ് ഇപ്പോള്‍ താമസിക്കുന്നത്. ഞാന്‍ കഴിയുന്ന ഓരോ വീടും കണ്ടുപിടിച്ചാണ് ആളുകള്‍ വരുന്നത്. രാവിലെ മുതല്‍ സഹായം ചോദിച്ച് തുടങ്ങുകയാണ്. എന്തെങ്കിലും താ മോനെ, എടുത്തു താ മോനെ എന്നൊക്കെ പറഞ്ഞാണ് വരുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്. എനിക്ക് പൈസ ഇതുവരെ കിട്ടിയിട്ടില്ല. കാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. ചാനലില്‍ വന്നപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം ഇതാവുമെന്ന്. എല്ലാവരും എന്നെ കണ്ടുകണ്ട് ഒരിടത്തും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കൊച്ചിന് ഒട്ടും വയ്യാതെ നില്‍ക്കുകയാണ്. അവനെ ഹോസ്പിറ്റലില്‍ പോലും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ ഇക്കാര്യം പറയുന്ന സമയത്ത് പോലും വീടിന്റെ ഗെയ്റ്റില്‍ ആള്ക്കാര് തട്ടിക്കൊണ്ടിരിക്കുകയാണ്. എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ല. നിങ്ങള്‍ എല്ലാവരും മനസിലാക്കണം എനിക്ക് പൈസ കിട്ടിയിട്ടില്ല’- അനൂപ് വ്യക്തമാക്കുന്നു.