ഓണ വിപണി; പരിശോധന തുടരുന്നു,16 സ്ഥാപനങ്ങൾക്ക് പിഴയിട്ടു
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 113 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 103 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. 159 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 319 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ചെക്ക് പോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാൽ, മീൻ, മാംസം, പലചരക്കു സാധനങ്ങൾ എന്നിവ ചെക്ക് പോസ്റ്റിൽ തന്നെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി.
മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കും