ഓണച്ചെലവിന് 3,000 കോടി കടമെടുത്താലും തികയില്ല; മറ്റു വഴികൾ തേടി സർക്കാർ
തിരുവനന്തപുരം : 8,000 കോടി രൂപയാണ് സർക്കാരിന് ഓണച്ചെലവുകൾക്കായി വേണ്ടിവരുന്നതെങ്കിലും കടമെടുപ്പു വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് 3,000 കോടി രൂപ മാത്രം. ബാക്കി തുക എവിടെനിന്നു സംഘടിപ്പിക്കുമെന്ന് ഇനിയും തീരുമാനമായില്ല. ഇൗ മാസം 15ന് റിസർവ് ബാങ്ക് വഴി കടമെടുക്കാനാണ് ആലോചന. ബാക്കി തുക സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നും നികുതി ഇതര വരുമാനത്തിൽ നിന്നും കണ്ടെത്താമെന്നാണു പ്രതീക്ഷയെങ്കിലും അതുകൊണ്ടു തികയില്ലെന്ന് ധനവകുപ്പു വൃത്തങ്ങൾ തന്നെ പറയുന്നു.
ട്രഷറിയിൽ നിന്നുള്ള പണം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതു വഴി പരമാവധി തുക മിച്ചം പിടിക്കും. എങ്കിലും ബാക്കി 5,000 കോടി കണ്ടെത്താൻ കഴിയില്ല. കർശനമായ ചെലവു ചുരുക്കൽ നടപടികളാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ജീവനക്കാർക്ക് ഓണത്തിന് നൽകിയ 20,000 രൂപ അഡ്വാൻസ് ഒഴിവാക്കണമെന്ന ശുപാർശയാണ് ധനവകുപ്പിനു മുന്നിലുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ വർഷത്തെപ്പോലെ എല്ലാ ആനുകൂല്യങ്ങളും നൽകാനാണു തീരുമാനമെങ്കിൽ വരുമാനം ഉറപ്പാക്കാൻ സർക്കാർ പാടുപെടും. ഇൗയാഴ്ച 2 മാസത്തെ ക്ഷേമ പെൻഷനും വിതരണം ചെയ്തു തുടങ്ങണം. അതിനു മാത്രം വേണം 1700 കോടി രൂപ.
സഹകരണ ബാങ്കിൽനിന്നും ബവ്റിജസ് കോർപറേഷനിൽ നിന്നും പണം സമാഹരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഇവ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുമെന്ന ആശങ്കയുണ്ട്.