സൗജന്യ ഓണക്കിറ്റ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്, നാളെ മുതൽ റേഷൻ കടകളിൽ നിന്ന് വാങ്ങാം
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എ ഐ വൈ ( മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്.
കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ റേഷൻ കടയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥി ആകും. 5,87,691 എ എ വൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും ആണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. നാളെ മുതൽ ഞായർ വരെ റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാം.
തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷോത്പന്നങ്ങൾ ആയിരിക്കും കിറ്റിൽ ഉണ്ടാവുക. തേയില, ചെറുപയർ, പരിപ്പ് , സേമിയ പായസം മിക്സ്, , കശുവണ്ടി പരിപ്പ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
അതേസമയം, കുടുംബശ്രീ ഓണം വിപണന മേളകളുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിച്ചു മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 28 വരെയാണ് “ഓണനിലാവ്’ പ്രദർശന വിപണനമേള. സംസ്ഥാന വ്യാപകമായി 1085 ഓളം മേളകളാണ് കുടുംബശ്രീ നടത്തുന്നത്. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ നിർവഹിച്ചു.
പൂക്കളും പച്ചക്കറിയും അടക്കം ഓണം ഒരുക്കാനുള്ളതെല്ലാം മേളയിലുണ്ട്. ജമന്തിപ്പൂ (കിലോയ്ക്ക് 90 രൂപ), താമരമൊട്ട് (ഒന്നിന് പത്തുരൂപ) ആണ്. കുടുംബശ്രീ യൂണിറ്റുകൾ തികച്ചും ജൈവരീതിയിൽ വിളയിച്ച വാഴക്കുലകൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവയും ഓണ നിലാവിലുണ്ട്. ജില്ലയിലെ 2000 കുടുംബശ്രീ കാർഷിക ഗ്രൂപ്പുകൾ 328 ഹെക്ടറിൽ കൃഷി ചെയ്ത ഉൽപ്പന്നങ്ങളാണ് ഓരോ ദിവസവും മേളയിലെ തനിനാടൻ സ്റ്റാളിൽ എത്തുന്നത്.