ഇനി സുരക്ഷിത യാത്ര; പോലീസ് സേവനം തേടാന്‍ ഇനി വാഹനങ്ങളില്‍ സുരക്ഷാ ബട്ടണും
തിരുവനന്തപുരം: സുരക്ഷിത യാത്ര ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘സുരക്ഷാമിത്ര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചു. യാത്രക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. വാഹനത്തിന്റെ വലിപ്പം, ഉള്‍ക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതല്‍ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. അപായ സൂചന നല്കാന് ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നുണ്ട്.
‘നിര്‍ഭയ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനൊപ്പം സുരക്ഷ ബട്ടണ്‍ (പാനിക് ബട്ടണ്‍) കൂടി ഘടിപ്പിക്കുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാകും. യാത്രക്കിടയില്‍ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ പൊലീസ് സേവനം തേടാന്‍ സുരക്ഷ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
സ്കൂള്‍ ബസുകള്‍, കെ.എസ്.ആര്.ടി.സി, ആംബുലന്‍സ്, ട്രക്കുകള്‍, ടാക്സി വാഹനങ്ങള്‍ തുടങ്ങിയവയിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് വഴി കണ്ട്രോള് റൂമില്‍ സന്ദേശം ലഭിക്കുന്നതിനാല്‍ യാത്ര സദാസമയം നിരീക്ഷിക്കാനും വാഹനങ്ങള്‍ തുടര്‍ച്ചയായി അമിത വേഗത്തിലോടിയാല്‍ ഇക്കാര്യം വാഹന ഉടമയുടെ മൊബൈല്‍ നമ്പറില്‍ അറിയിക്കാനും കഴിയും. പ്രതിമാസം 150ഓളം വാഹനങ്ങള്‍ക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ സന്ദേശം ലഭിക്കുന്ന വാഹനങ്ങള്‍ പിന്നീട് അമിതവേഗം നിയന്ത്രിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.