നിർമ്മാണത്തിൽ നിരവധി അപാകങ്ങൾ വിദഗ്ദർ ചൂണ്ടിക്കാട്ടിയ പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപ്പാലത്തിൽ മഴ തുടങ്ങിയപ്പോൾ തന്നെ അകമ്പടിക്കാരായി കുഴികളും രൂപപ്പെട്ടു
2018ൽ പാലം ഉദ്ഘാടനം ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കുഴികളും എക്സ്പൻഷൻ ജോയന്റുകളിലും വിള്ളലും വീണിരുന്നു.
പാപ്പിനിശ്ശേരി : 2019, 2020, 2021, 2022 കാലവർഷക്കാലത്ത് ഇരുപാലത്തിലും പതിവായി കുഴികൾ രൂപം കൊണ്ടത് യാത്രക്കാരിൽ വലിയ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. തുടർന്ന് പാലത്തിൽ തുടർച്ചയായി കുഴികൾ അടക്കുന്നതും വീണ്ടും വീണ്ടും കഴികൾ നിറയുന്നതും പതിവായിരുന്നു
കുഴികളും സ്പാനുകളുടെ അടിയിലും തൂണുകളിലും വിള്ളലും ഉണ്ടായതോടെ പല തവണ വിദഗ്ദർ സന്ദർശിച്ച് അപാകങ്ങൾ പരിഹരിക്കാൻ നിരവധി തവണ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിനിടയിൽ 2020ൽ പാലം നിർമ്മാണത്തിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ച് വിജിലൻസ് സംഘം സന്ദർശിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ആ അന്വേഷണവും എവിടെ എത്തി എന്നതിനെക്കുറിച്ച് ആർക്കും അറിയില്ല.
പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്. ടി.പി. റോഡിലെ പാപ്പാനിശ്ശേരി, താവം മേൽപ്പാലങ്ങൾക്ക് നിരവധി അപാകങ്ങളും പരാതികളും ഉയർന്നതോടെ 2021 ഡിസംബർ 20 മുതൽ മൂന്നാഴ്ചയോളം ഇരു പാലങ്ങളും അടച്ചിട്ട് അറ്റ ക്കുറ്റ പണികൾ നടത്തിയിരുന്നു. എന്നാൽ 2022 കാലവർഷ കാലത്തും പാലത്തിലുണ്ടാകുന്ന കുഴികൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. അടിക്കടി അറ്റകുറ്റ പണികൾ നടക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായ അപാകങ്ങൾ ഇപ്പോഴും നില നിൽക്കുകയാണ്. ഇതാണ് ഇരു മേൽപ്പാലങ്ങളിലും പതിവായി ഉണ്ടാകുന്ന കുഴികൾ വിരൽ ചൂണ്ടുന്നത്.