പുതുതായി നിർമിച്ച സർവീസ് റോഡ് തകർന്നു
ദേശീയപാത കീച്ചേരി സർവീസ് റോഡരികിലെ ചെളിയിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതതടസ്സം.
പാപ്പിനിശ്ശേരി : പുതുതായി നിർമിച്ച സർവീസ് റോഡ് തകർന്നതിനെ തുടർന്ന് കീച്ചേരിക്കും വേളാപുരത്തിനും ഇടയിലെ സർവീസ് റോഡിൽ അടിക്കടി അപകടങ്ങൾ പതിവാകുന്നു. ശനിയാഴ്ച രാവിലെ കീച്ചേരി പമ്പാലയിലെ സർവീസ് സ്റ്റേഷന് സമീപമാണ് ലോറി താഴ്ന്നുപോയത്. ലോറി വിലങ്ങനെ ആയതോടെ കണ്ണൂർ ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിച്ചില്ല.
വാഹനങ്ങളുടെ നീണ്ടനിരയായതോടെ തളിപ്പറമ്പ് ഭാഗത്തേക്ക് തിരിക്കുന്ന സർവീസ് റോഡിലൂടെ ഇരുഭാഗത്തേക്കും മണിക്കൂറുകളോളം വാഹനങ്ങൾ കടത്തിവിട്ടു. ചെറിയ റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.ഖലാസികളെത്തിയാണ് ലോറി നീക്കി ഗതാഗതം സുഗമമാക്കിയത്.
കീച്ചേരിക്കും വേളാപുരത്തിനും ഇടയിലെ സർവീസ് റോഡ് ഇരു ഭാഗത്തും തകർന്ന നിലയിലാണ്. വേളാപുരത്ത് കരാറുകാർ മുഴുവൻ സമയവും കുഴി നികത്താനും വെള്ളക്കെട്ട് ഒഴിവാക്കാനും പാടു പെടുകയാണ്. എന്നാൽ അതിനിടയിലും വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്.