അപകടാവസ്ഥയിലായ വീട്ടിൽ ദയനീയ ജീവിതം നയിക്കുകയാണ് പരിയാരം വിപി ഭവാനിയും കുടുംബവും
പരിയാരം പഞ്ചായത്ത് കുറ്റിയേരിയിലെ വിപി ഭവാനിയും കുടുംബവും. അടച്ചുറപ്പില്ലാത്ത, ഏതുനിമിഷവും തകർന്നുവീഴാറായ വീട്ടിൽ ഏറെ ഭയത്തോടെയാണ് പിഞ്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിയുന്നത്.
പരിയാരം : അടച്ചുറപ്പുള്ള സുരക്ഷിതമായ ഭവനം എന്നത് ഏവരുടെയും സ്വപ്നമാണ്, എന്നാൽ വർഷങ്ങളായി പഴകി ജീർണിച്ച് ഏതു നിമിഷവും ഇടിഞ്ഞ് വീഴാറായ വീട്ടിൽ ദയനീയ ജീവിതം നയിക്കുകയാണ് കുറ്റ്യേരിയിലെ ഭവാനിയുടെ 6 അംഗകുടുംബം. വീടിന്റെ ചുമരുകൾ പലയിടങ്ങളിലും വിണ്ട് കീറിയ അവസ്ഥയിലാണ്. വീടിന് വാതിലുകളോ മുറികൾക്ക് അടച്ചിറപ്പുള്ള ജനലുളോ ഇല്ല. പിൻഭാഗത്ത് വാതിൽ ഉണ്ടെങ്കിലും ശക്തമായ കാറ്റടിച്ചാൽ മറിഞ്ഞുവീഴുന്ന അവസ്ഥയിൽ ആണ്. ദ്രവിച്ച് ഇളകിവീഴാറായ മേൽക്കൂര ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച മറച്ച നിലയിലാണ്.കഴിഞ്ഞ 35 വർഷത്തിലധികമായി ഭവാനിയും കുടുംബവും ജീവിക്കുന്നത് ഈ ദുരവസ്ഥയിൽ നിന്നുകൊണ്ടാണ്.ഭവാനി,ഭർത്താവ് അശോകൻ,മകൾ ധന്യ, ധന്യയുടെ എട്ടും മൂന്നും രണ്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ഭവാനി തൊഴിലുറപ്പ് പണിയെടുത്തും ഭർത്താവ് അശോകൻ ഇരുമ്പിന്റെ പണിയെടുത്തും കിട്ടുന്ന കൂലി കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.മഴയായതോടെ മേൽക്കൂര ചോർന്നൊലിച്ച് വീട്ടിനുള്ളിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്.വർഷങ്ങൾക്കു മുന്നേ തന്നെ അടച്ചുറപ്പുള്ള വീടിനായി അപേക്ഷകൾ നൽകുന്നുണ്ട്. മിച്ചഭൂമിക്കായും അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വീട് നിൽക്കുന്നത് ഭവാനിയുടെ ഭർത്താവ് അശോകന്റെ അച്ഛന്റെ സ്ഥലത്തിലാണ്. ഇതിന് രേഖകളൊന്നും തന്നെ ഇല്ല. അതിനാൽ തന്നെ മറിച്ചു വിൽക്കുവാനും സാധിക്കാത്ത അവസ്ഥയാണ്. ലൈഫ് ഭവന പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നു എങ്കിലും പാസാകുന്നുണ്ടെന്ന അറിയിപ്പ് ലഭിക്കുന്നതല്ലാതെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നുംകുടുംബം പറയുന്നു.പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം ഏത് നിമിഷവും തകർന്നുവീഴാറായ വീട്ടിൽ ഏറെ ഭയത്തോടെയാണ് താമസിക്കുന്നതെന്നും രാത്രി ഉറങ്ങാൻ പോലും സാധിക്കാറില്ലെന്നും ഭവാനി പറയുന്നു.
മഴക്കാലമായതിനാൽ പ്രദേശത്ത് ഇഴജന്തു ശല്യവും രൂക്ഷമാണ്. വീടിന് വാതിലുകളോ ജനലുകളോ ഇല്ലാത്തതിനാൽ ഇഴജന്തുക്കൾ വീടിനകത്ത് കയറുമെന്ന ഭീതിയും ഉണ്ട്. പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഭവാനിയുടെ നരക ജീവിതം അധികൃതർ കാണാതെ പോകരുത്. സുരക്ഷിതമായ വീടിനായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കുടുംബം