പരിയാരത്തെ ഡോക്ടർമാരുടെ ശമ്പളം മുടങ്ങിയിട്ടു മാസം 5 പിന്നിട്ടു
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് 5 വർഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഡോക്ടർമാരുടെ ശമ്പളം മുടങ്ങിയിട്ടു മാസം 5 കഴിഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞു ശമ്പളം ലഭിക്കാത്തതിൽ ഡോക്ടർമാർ പ്രതിഷേധത്തിലാണ്. ഇന്നലെ മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസ് ബഹിഷ്കരിച്ചു ഡോക്ടർമാർ പ്രതിഷേധ സമരം നടത്തി.
മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതു മുതൽ ജീവനക്കാരുടെയും ഡോക്ടർമാരുടെയും പ്രതിമാസ ശമ്പള വിതരണത്തിൽ കൃത്യതയില്ലായ്മയും പല ആനുകൂല്യവും നിഷേധിക്കുന്നതായി പരാതിയുണ്ട്.
സേവനത്തിൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സമാനമായ ചുമതലകൾ ഏറ്റെടുത്തു നടപ്പിലാക്കുമ്പോൾ മാസ ശമ്പളത്തിനായി പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സമരം ചെയ്യേണ്ട അവസ്ഥയാണ്. പരിയാരത്തെ ജീവനക്കാർക്കു ശമ്പള പരിഷ്കരണവും ഡിഎ വർധനയും സർക്കാർ ഏറ്റെടുത്തതിനു ശേഷം നടപ്പാക്കിയില്ലെന്നു പരാതിയുണ്ട്.
കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ സർക്കാർ സർവീസിലേക്കു സ്ഥിരപ്പെടുത്താൻ ഡോക്ടർമാർ ഓപ്ഷൻ നൽകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം പരിയാരത്തെ ഡോക്ടർമാർ സെപ്റ്റംബർ 20ന് ഓപ്ഷൻ കൊടുത്തതാണ്.
ഇതിനെ തുടർന്നു സോക്ടർമാരെ സർക്കാർ ജീവനക്കാരാക്കിയുള്ള ഉത്തരവും സർക്കാർ ഇറക്കി. എന്നാൽ ശമ്പള വിതരണം സ്പാർക്കിലേക്കു മാറ്റുന്നതിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ ഡോക്ടർമാരുടെ ശമ്പളം വിതരണം 5 മാസമായി നിലച്ചത്.