രാഷ്ട്രപതി ഒപ്പുവെച്ചു; ഡല്‍ഹി ഓര്‍ഡിനന്‍സ് അടക്കം നിയമമായി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷനില്‍ പാസാക്കിയ നാല് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ ഡല്‍ഹി ഓര്‍ഡിനന്‍സ് അടക്കമുള്ള നിയമമായിരിക്കുകയാണ്. ഡല്‍ഹിയിലെ വിവാദ ഓര്‍ഡിനന്‍സ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതില്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ്. രാഷ്ട്രപതി ഒപ്പിട്ടതോടെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്രമായിരിക്കും.
ഡിജിറ്റല്‍ ഡാറ്റ സംരക്ഷ നിയമമവും അതോടൊപ്പം നിയമമായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചെയ്യപ്പെടുന്നത് തടയുകയെന്നതാണ് നിയമത്തിന്റെ ഉദ്ദേശലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാന്‍ നിയമം പൗരന് അവകാശം നല്‍കുന്നുണ്ട്.ജന്‍വിശ്വാസ് ബില്‍, ജനന-മരണ രജിസ്ട്രേഷന് ബില്‍ എന്നിവയാണ് രാഷ്ട്രപതി ഒപ്പിട്ട മറ്റ് രണ്ട് ബില്ലുകള്‍.
ഇതില്‍ രണ്ട് ബില്ലുകള്‍ക്ക് വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവയെ രൂക്ഷമായി എതിര്‍ത്തു. അതില്‍ ഡല്‍ഹി സര്‍വീസസ് ബില്ലാണ് ഏറ്റവും പ്രശ്നമുണ്ടാക്കിയത്. ഇന്ത്യ പ്രതിപക്ഷ സഖ്യം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ബില്ലില്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്നിറങ്ങി പോയിരുന്നു. എഎപിയില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രത്തിന് ഇതോടെ ലഭിക്കും. ഡല്‍ഹിയിലെ ജനങ്ങളെ അടിമകളായി കാണുന്ന തീരുമാനമാണിതെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചത്.
പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിനെ ശക്തമായി പിന്തുണച്ചിരുന്നു. എട്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി നേരത്തെ സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ അടക്കം തീരുമാനമെടുക്കാനുള്ള അധികാരമെന്നായിരുന്നു കോടതി വിധി. ഇതിനെ മറികടക്കാന്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
പാര്‍ലമെന്റിന് നിയമനിര്‍മാണം നടത്താനുള്ള അധികാരമുണ്ട്. തലസ്ഥാന നഗരിയില്‍ ഡല്‍ഹിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതിനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഭരണഘടനയിലും അത്തരം പരാമര്‍ശങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്ലിനെയും പ്രതിപക്ഷം എതിര്‍ത്തിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്താനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതും പരിഗണിച്ചാണ് പുതിയ നിയമം വന്നിരിക്കുന്നത്. വിവരാവകാശ നിയമത്തെ മറികടക്കുന്നതും, മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും, കേന്ദ്ര സര്‍ക്കാരിന് ഡിജിറ്റല്‍ സെന്ഷര്ഷിപ്പിനുള്ള വിപുലമായ അധികാരങ്ങള്‍ നല്കുന്നതുമാണ് പുതിയ നിയമമെന്നാണ് ആരോപണം. എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം ഈ നിയമനിര്‍മാണത്തില്‍ ആശങ്കയറിയിച്ചിരുന്നു.