ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുള്ള അവസരം; നരേന്ദ്ര മോദി
ന്യൂഡൽഹി : മോശം പെരുമാറ്റത്തിന് കഴിഞ്ഞ സമ്മേളനകാലയളവിൽ സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർലമെന്റിന് ക്രിയാത്മകമായ സംഭാവനകൾ നൽകിയവരെ എല്ലാവരും ഓർത്തിരിക്കും. എന്നാൽ, തടസങ്ങൾ സൃഷ്ടിച്ചവരെ ആരും ഓർക്കില്ല. ഈ ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയമാണ്. ഈ അവസരം പാഴാക്കരുതെന്നും ഏറ്റവും മികച്ച പ്രകടനം എം.പിമാർ കാഴ്ചവെക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും മോദി പറഞ്ഞു.
മുമ്പത്തെ പോലെ കീഴ്വഴക്കം പാലിച്ച് ഇടക്കാല ബജറ്റാവും പാർലമെന്റിൽ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിന് ശേഷം പൂർണബജറ്റുമായി വരും. നാരീശക്തിയുടെ ഉത്സവമായിരിക്കും ഈ വർഷത്തെ ബജറ്റിലുണ്ടാവുക. തന്റെ ഭരണകാലത്ത് വനിതസംവരണ ബിൽ പാസാക്കാനായത് വലിയ നേട്ടമാണെന്നും മോദി പറഞ്ഞു. നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാവും നിർമല സീതാരാമൻ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് വർഷത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാവും ബജറ്റ് ഊന്നൽ നൽകുകയെന്ന് സൂചനയുണ്ട്.