ജോലി ഏർപ്പാടാക്കി നൽകാമെന്ന പേരിൽ യുവതികളെ കടത്തുന്ന സംഘം അറസ്റ്റിൽ
വടക്കഞ്ചേരി : ജോലി ഏർപ്പാടാക്കി നൽകാമെന്നു പറഞ്ഞു നിർധന യുവതികളെ കെണിയിലാക്കി ഇതര സംസ്ഥാനത്തേക്കു കടത്തുന്ന സംഘം അറസ്റ്റിൽ. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മൂദ എന്ന ബൽക്കീസ് (49), സഹായികളായ പുതുക്കോട് മണപ്പാടം കുമ്പാരത്തറ പുത്തൻവീട്ടിൽ മണി (60), അണക്കപ്പാറ മലൻകുളമ്പ് മുഹമ്മദ്കുട്ടി എന്ന ബാപ്പുട്ടി (64), ഓട്ടോ ഡ്രൈവർ അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ ഗോപാലൻ (47) എന്നിവരെയാണു വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുജോലിക്കു പ്രതിമാസം നാൽപതിനായിരം രൂപ ശമ്പളം നൽകാമെന്നു പറഞ്ഞു കഴിഞ്ഞ ജൂലൈ ഏഴിനു രാവിലെ 10ന് വടക്കഞ്ചേരിയിൽ നിന്നു ഭർതൃമതിയായ യുവതിയെ പ്രലോഭിപ്പിച്ചു കാറിൽ തമിഴ്നാട്ടിലേക്കു കൊണ്ടുപോയെന്നാണു പരാതി. യുവതിയുടെ വീട്ടുകാർക്കു പ്രതികൾ ആദ്യശമ്പളമായി പണം നൽകുകയും ചെയ്തു.
തുടർന്നു പ്രതികൾ യുവതിയെ വിൽക്കാനുള്ള ഉദ്ദേശ്യത്തോടെ കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രതികൾ യുവതിയുടെ ഫോൺ കൈക്കലാക്കുകയും സേലത്തുള്ള ഒരാളെക്കൊണ്ടു മധുക്കരയിൽ വച്ചു നിർബന്ധിച്ചു വിവാഹം ചെയ്യിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ഇതിന്റെ പ്രതിഫലമായി സേലം സ്വദേശി 90,000 രൂപ പ്രതികൾക്കു നൽകി. 2 ലക്ഷം രൂപയോളം പ്രതികൾ കൈപ്പറ്റിയതായും പറയുന്നു. വീട്ടുജോലിക്കു പോയ യുവതിയെക്കുറിച്ചു വിവരം ലഭിക്കാതായതോടെ കഴിഞ്ഞ മാസം 28ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തമിഴ്നാട്ടിലെ സേലത്തു നിന്നു കണ്ടെത്തിയത്.
കൗൺസലിങ്ങിനു വിധേയയാക്കി അന്വേഷണം നടത്തിയപ്പോഴാണു മനുഷ്യക്കടത്ത് മാഫിയയുടെ ഇടപെടൽ മനസ്സിലായതെന്നു പൊലീസ് പറഞ്ഞു. സംഘം ഒട്ടേറെ യുവതികളെ ഇങ്ങനെ കൈമാറിയിട്ടുള്ളതായാണു വിവരം. തമിഴ്നാട്ടിൽ നിന്നു വരനെ കണ്ടെത്തി പാവപ്പെട്ട വീടുകളിലെത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ പറഞ്ഞു പറ്റിച്ച് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും വൻ തുക വരന്റെ വീട്ടുകാരിൽ നിന്നു കൈപ്പറ്റുകയുമാണു സംഘം ചെയ്യുന്നത്. വടക്കഞ്ചേരി സിഐ കെ.പി.ബെന്നി, എസ്ഐ ജീഷ്മോൻ വർഗീസ്, എഎസ്ഐമാരായ ദേവദാസ്, സന്തോഷ്, അബ്ദുൽ നാസർ, സൗമിനി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.